ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
പാഠ്യത്തില്‍ നിന്നാണ് പാട്യമുണ്ടായതത്രെ. പുരാതനകാലം മുതല്‍ തന്നെ പഠിക്കാന്‍ സൌകര്യമുണ്ടായിരുന്ന നാടായിരുന്നു പാട്യം. 19-ാം നൂറ്റാണ്ടില്‍തന്നെ സംസ്ക്യത പാഠശാലകളും, കുടിപ്പള്ളിക്കൂടങ്ങളും ഇവിടെയുണ്ടായിരുന്നുവെന്നതും പഴമക്കാരില്‍നിന്നും പകര്‍ന്നുകിട്ടിയിട്ടുള്ള പഴങ്കഥകളും ഇതിനു തെളിവായി ചൂണ്ടിക്കാട്ടാം. ഏറ്റവും സവിശേഷമായൊരു വസ്തുത അവര്‍ണ്ണരായിരുന്നു വിദ്യാകേന്ദ്രങ്ങളിലെ ഗുരുജനങ്ങള്‍ എന്നതാണ്. ഇവിടെയുള്ള വെളുമ്പത്ത്, കാര്യാട്ടുപുറം, നെല്ലേയിലാട്ട് എന്നീ മുസ്ളീം പള്ളികള്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഹിന്ദുക്കളുള്‍പ്പെടെ അന്യമതസ്ഥരായ ജനങ്ങളും ഇവിടെ ആരാധന നടത്തുന്നു. ഇഷ്ടകാര്യസാധ്യത്തിനും ചടങ്ങുകള്‍ മംഗളകരമാക്കിത്തീര്ക്കുന്നതിനും ഹിന്ദുക്കള്‍ ഇവിടെ നേര്‍ച്ച നേരുന്നു. പണവും, വെളിച്ചെണ്ണയും, ചന്ദനത്തിരിയും ഇപ്പോഴും ഹിന്ദുക്കള്‍ ഈ പള്ളികളില്‍ എത്തിക്കാറുണ്ട്. കാവുകളില്‍ മുസ്ളീങ്ങളും നേര്‍ച്ചകള്‍ നേരുന്നു. ഇപ്പോഴും ചീരാറ്റ മഠപ്പുരയിലെ നിത്യനിദാന ചെലവുകള്‍ നടത്തിവരുന്നത് മുസ്ളീങ്ങള്‍ നല്കുന്ന പൈങ്കുറ്റിപ്പണവും വെളിച്ചെണ്ണയും കൊണ്ടാണ്. ബ്രിട്ടീഷുകാരെ വിഷയമ്പുകളാല് കിടുകിടാ വിറപ്പിച്ച കുറിച്ച്യരുടെ ആവാസസ്ഥാനങ്ങളിലൊന്ന് പാട്യം പഞ്ചായത്തിലെ എളമാങ്കന് മലയായിരുന്നു. ഭൂരിപരിഷ്കരണത്തിലൂടെ ആയിരത്തിലധികം കുടിയാന്മാര്ക്കും, കുടികിടപ്പുകാര്‍ക്കും ഈ ഗ്രാമത്തില്‍ ഭൂമി സ്വന്തമായി ലഭിച്ചു. കര്‍ഷകനു സ്വന്തമായി ഒരു തുണ്ടു ഭൂമിയും തലചായ്ക്കാനൊരിടവും കിട്ടിയപ്പോള്‍ കാര്‍ഷികരംഗത്ത് പുത്തനുണര്‍വ്വുണ്ടായി ദീര്‍ഘകാലവിളകള്‍ പെരുകാന്‍ തുടങ്ങി. പല തട്ടുകളിലായി വളരുന്ന സസ്യങ്ങള്‍കൊണ്ട് പറമ്പുകള്‍ നിറഞ്ഞു. മാവ്, പ്ളാവ്, തെങ്ങ്, കവുങ്ങ്, ഇരൂള്‍ തേക്ക് തുടങ്ങിയ വൃക്ഷങ്ങള്‍ കൂടാതെ മുരിങ്ങ, നെല്ലി, പപ്പായ, പേര തുടങ്ങിയവയും കൃഷി ചെയ്തു. ഇടവിളയായി കപ്പ, വാഴ, ചേന, ചേമ്പ്, മഞ്ഞള്‍, വെണ്ട തുടങ്ങിയവയുമുണ്ടായിരുന്നു. പയറുകള്‍, നനക്കിഴങ്ങ്, കാച്ചില് തുടങ്ങിയവ മരങ്ങളിലും വരമ്പുകളിലും പടര്‍ന്നു കയറി പറമ്പിനു ചുറ്റും ജൈവവേലികള്‍ തന്നെ രൂപംകൊണ്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്ത്തകരായില്ലെങ്കിലും 1937 കാലഘട്ടത്തില്‍ വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരും ബ്രിട്ടീഷ് അനുകൂലികളായ പീപ്പിള്‍സ് പാര്‍ട്ടിക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനു പാട്യം വേദിയായി. വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരുടെ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥകള്‍ അനവധി കാരണവന്മാര്ക്കു പറയാനുണ്ട്. സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരും സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ യില്‍ പ്രവര്‍ത്തിച്ചവരുമായ ധാരാളമാളുകള്‍ പാട്യത്തുണ്ട്. വാഗ്ഭടാനന്ദന് ഉഴുതുമറിച്ച മണ്ണില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അതിവേഗം വേരുപിടിച്ചു. 1944-ല്‍ കെ.എം.രാഘവന്റെ നേതൃത്വത്തില്‍ കോങ്ങാററയില് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജസൂയവും തെക്കന്‍ കോല്‍ക്കളിയും മാത്രമല്ല, മാപ്പിള കോല്‍ക്കളിയുടെയും നാടായിരുന്നു പാട്യം. രാജസൂയവും, തെക്കന്‍ കോലടിയും പഠിപ്പിച്ചിരുന്ന ധാരാളം കളരികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം പഞ്ചായത്തിലുണ്ടായിരുന്നു. കോല്‍ക്കളി കളരികള്‍ ഇന്നും പഞ്ചായത്തിന്റെ പല ഭാഗത്തുമുണ്ട്. ദാര്‍ശനികനും, ആധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വാഗ്ഭടാനന്ദനില്‍ നിന്നാണ് ഇവിടുത്തെ ആധുനിക സാംസ്കാരിക പൈതൃകം ആരംഭിക്കുന്നത്. പുതുമയെ പ്രോല്‍സാഹിപ്പിക്കുകയും പഴമയെ സംരക്ഷിക്കുകയും ചെയ്ത്, അവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സാംസ്കാരികനവീകരണം സാധ്യമാക്കിയ ഒരു തലമുറയും ഇവിടെ ജീവിച്ചിരുന്നു. 15-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന രാമായണം ചമ്പുവിന്റെ കര്‍ത്താവ് ചെറ്റമ്പത്ത് പുനത്തില്‍ പുനംനമ്പൂതിരി ഇവിടെ ജനിച്ചുവളര്‍ന്നതാണെന്ന് ഐതീഹ്യമുണ്ട്. കലാസാഹിത്യരംഗങ്ങളില് വിരാചിച്ച ഒട്ടേറെയാളുകള്‍ പാട്യം പഞ്ചായത്തിലുണ്ട്. പിതൃവിലാപം, ഗുരുദേവസമാധി, ശങ്കരാചാര്യരുടെ ആത്മബോധം(വിവര്‍ത്തനം) തുടങ്ങി നിരവധി സംസ്കൃത-മലയാളം കൃതികളുടെ കര്‍ത്താവായിരുന്ന വി.കെ.ഗുരുക്കള്‍, തന്റെ ചുരുങ്ങിയ കാലത്തെ സാഹിത്യപ്രവര്‍ത്തനം കൊണ്ടുതന്നെ കാവ്യരചനാരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ കെ.പി.പ്രഭാകരന്, പത്രപ്രവര്‍ത്തകനായ കെ.പി.വിജയന്, പ്രശസ്ത ശില്പിയും ചിത്രകാരനുമായ വല്സന് കൊല്ലേരി എന്നിവര്‍ പാട്യത്ത് ജനിച്ചുവളര്‍ന്നവരാണ്. സിനിമാരംഗത്ത് നിറഞ്ഞുനില്ക്കുന്ന ശ്രീനിവാസനോടൊപ്പം, കെ.പ്രഭാകരനും ഈ നാടിന്റെ യശസ്സുയര്‍ത്തി. ഇവിടെ ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്നു. ഹിന്ദുക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളും, കാവുകളിലെ തിറയാഘോഷങ്ങളും സര്വ്വജനപങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. മന്ത്രതന്ത്രങ്ങളും, പൂജകളും, നൃത്തശക്തി പ്രകടനങ്ങളും തിറയുടെ ഭാഗമായി അരങ്ങേറാറുണ്ട്. ഇവിടെയുള്ള ഗ്രന്ഥാലയങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നു.